ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും നിരവധി വിശ്വാസികള്‍ക്ക് ആദ്ധ്യാത്മിക കരുതലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നും (ഇന്ത്യന്‍ സമയം 11.05) ആണ് അന്ത്യം സംഭവിച്ചത്. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ഔദ്യോഗികമായി പാപ്പയുടെ വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പ, തുടര്‍ന്നുള്ള അഞ്ച് ആഴ്ചകളോളം ചികിത്സയില്‍ ആയിരുന്നു. മാര്‍ച്ച് 23നാണ് പാപ്പ വീണ്ടും വത്തിക്കാനിലെത്തിയത്. ചികിത്സയ്ക്ക് ശേഷവും അദ്ദേഹം പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. അടുത്തിടെ പെസഹ വ്യാഴാഴ്ച റോമിലെ റെജീന കെയ്‌ലി ജയില്‍ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതും മാര്‍പാപ്പയുടെ അവസാന പൊതുഅഭിമുഖങ്ങളിലൊന്നായിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.